കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തൃശ്ശൂർ മുക്കാട്ടുകരയിലെ 115-ാം നമ്പർ ബുത്തിൽ അദ്ദേഹത്തിൻ്റെ ഉൾപ്പെടെ 11 പേരെ വോട്ടർമാരായി നിയമവിരുദ്ധമായി ചേർത്തതിൽ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ എം.പിയുമായ ടി.എൻ. പ്രതാപൻ പൊലീസിൽ നൽകിയ പരാതിയിൽ നടപടി തുടങ്ങി. പരാതി പ്രകാരം ടി.എൻ. പ്രതാപനോട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനായി ആഗസ്റ്റ് നാളെ വൈകുന്നേരം നാല് മണിക്ക് തൃശൂർ അസിസ്റ്റന്റ് കമീഷണറുടെ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിരതാമസക്കാരനായ വ്യക്തിക്കു മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കൂ. പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറിൽ സ്ഥിരതാമസക്കാരാണ്. തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ സുരേഷ് ഗോപി, വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗത്തിലൂടെയാണ് തൃശൂർ നിയമസഭ മണ്ഡത്തിലെ 115-ാം നമ്പർ ബുത്തിൽ വോട്ട് ചേർത്തത്. – ടി.എൻ. പ്രതാപൻ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സുരേഷ് ഗോപി 115-ാം നമ്പർ ബൂത്തിൽ ഏറ്റവും അവസാനമായി വോട്ട് ചേർത്തത്. വോട്ട് ചേർക്കുമ്പോൾ സ്ഥിരതാമസക്കാരനാണെന്ന രേഖയും സത്യപ്രസ്താവനയും നൽകണം. ശാസ്തമംഗലം ഡിവിഷനിൽ സ്ഥിരതാമസക്കാരനായ സുരേഷ് ഗോപി തൃശൂരിൽ നൽകിയ സത്യപ്രസ്താവനയും രേഖയും സത്യമല്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിയമനടപടി ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ പൊലീസിനെ സമീപിച്ചത്.