ജോലി ചെയ്യാൻ കഴിവുള്ളവരെ വെറുതേ ഇരുത്തിയിട്ട് അവർക്ക് പെൻഷൻ എന്ന പേരിൽ ചെലവിന് കൊടുക്കുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണ‌ൻ. സമൂഹത്തിൻ്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കാൻ ജീവിതകാലം മുഴുവൻ ഒരാളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവജനസംഘടനകളാണ് പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതിനെതിനെ ഏറ്റവും കൂടുതൽ എതിർക്കുന്നതെന്നും അടൂർ കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് ബിഎസ്എസിൻ്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുഖജനാവിൽ നിന്ന് വിരമിച്ച ശേഷമുള്ള കാലമത്രയും അവർക്ക് പെൻഷൻ കൊടുക്കുന്നു. പ്രൊഡക്ടീവ് അല്ലാത്ത ചെലവ്. പലതും കൃത്യമായി ചെയ്യാൻ കഴിവുള്ള ആളുകളെ വെറുതെ ഇരുത്തിയിട്ട് അവർക്ക് ചെലവിന് കൊടുക്കുന്നു എന്ന സിസ്റ്റമാണ് നിലവിലിൽ ഉള്ളത്. അതിന് കാരണം പറയുന്നത് യുവാക്കൾക്ക് ജോലി കിട്ടാൻ ആണെന്നാണ്.

നിശ്ചിത എണ്ണം ജോലികളേയുള്ളൂ. അകത്തേക്ക് ഒരാളെ കൊണ്ടുവരാൻ ഒരാളെ പുറത്തേക്ക് എടുത്തിട്ട് വേണം. തെറ്റായ പ്രവണതയാണ് ഇത്. പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതിനെ യുവാക്കളാണ് ഏറ്റവും എതിർക്കുന്നത്. യുവാക്കൾ എന്ന് പറയുന്നത് ശരിയല്ല, സംഘടനകളാണ്. ഞാനിത് പറഞ്ഞാൽ നാളെ യുവജന സംഘടനകൾ എല്ലാം എനിക്കെതിരായി പ്രതിരോധം തുടങ്ങും. എന്‍റെ വീടിന് മുന്നിൽ കോലം കത്തിക്കും. ഇതൊക്കെ സംഭവിക്കാവുന്നതാണ്. എങ്കിലും, ഉള്ളതു പറഞ്ഞേ മതിയാവൂ’, അടൂർ പറഞ്ഞു.

Related Posts