കേരളത്തിൽ മദ്യവിൽപ്പന ഓണ്‍ലൈനിലേക്ക്. വരുമാന വർദ്ധനവ് ലക്ഷ്യമിട്ടാണ് ബെവ്കോയുടെ പുതിയ നീക്കം. ഓൺലൈൻ മദ്യ വിൽപ്പനയ്ക്കുള്ള വിശദമായ ശുപാര്‍ശ ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. 2000 കോടി രൂപയുടെ വരുമാന വർദ്ധനവാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്. 

ബെവ്‍കോ ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കി. നിബന്ധനകൾക്ക് വിധേയമായിട്ടാകും ഓൺലൈൻ മദ്യ വിൽപന. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ടെന്ന് ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കി.

ഓൺലൈൻ മദ്യ വിൽപനയ്ക്ക് 3 വർഷം മുൻപ് ബെവ്കോ സർക്കാരിനോട് അനുമതി തേടിയിരുന്നെങ്കിലും നൽകിയിരുന്നില്ല. 23 വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും ഓണ്‍ലൈനിൽ മദ്യം വാങ്ങാൻ കഴിയുക. ഇതിനായി പ്രായം തെളിയിക്കുന്ന രേഖ നൽകണം.

Related Posts