ഹൈക്കോടതി ഇന്ന് കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിന്‍റെ ഹർജി വീണ്ടും പരിഗണിക്കും. രജിസ്ട്രാർ ഡോക്ടർ കെ .എസ് അനിൽകുമാർ നൽകിയ ഹർജിയിലാണ്, ജസ്റ്റിസ് ടി.ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിൽ വാദം തുടരുക. വി സി മോഹനൻ കുന്നുമ്മലിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനമാണ് നടത്തിയത്. സത്യവാങ്ങ്മൂലം ഇന്ന് വിസി കോടതിയിൽ സമർപ്പിക്കും.

വി സിയുടെ നടപടി റദ്ദാക്കി രജിസ്ട്രാറെ വീണ്ടും നിയമിച്ച സിൻഡിക്കേറ്റിൻ്റെ നടപടി, കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിൻ്റെ സസ്പെൻഷൻ എന്നിവയിലാണ് വി സി മോഹനൻ കുന്നുമ്മലിനെ കോടതി രൂപക്ഷമായി വിമർശിച്ചത്. വി.സി പിന്നാലെ നിലപാട് വ്യക്തമാക്കി രേഖാമൂലം വിശദീകരണത്തിന് സമയം തേടി. സമയം കൂടുതൽ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റി.

രജിസ്ട്രാറെ എന്ത് അധികാരം ഉപയോഗിച്ചാണ് സസ്പെൻഡ് ചെയ്തത് എന്ന് വിസിയോട് കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ വിസി ഇന്ന് കോടതിയിൽ വിശദീകരണം നൽകും. സിൻഡിക്കേറ്റിന് മുകളിലാണ് വിസിയുടെ അധികാരം എന്നാണോ കരുതുന്നത് എന്നും, കോടതി ചോദിച്ചിരുന്നു. സസ്പെൻഡ് ചെയ്യാനും, നടപടി എടുക്കാനും സിൻഡിക്കേറ്റിനാണ് അധികാരമെന്നാണ് രജിസ്ട്രാറുടെ വാദം.

സിൻഡിക്കേറ്റ് തന്‍റെ സസ്പെൻഷൻ റദ്ദ് ചെയ്തു എന്നും, എന്നാൽ ചുമതല നിർവഹിക്കാൻ വിസി സമ്മതിക്കുന്നില്ല എന്നും രജിസ്ട്രാർ കോടതിയെ അറിയിച്ചിരുന്നു. സർവകലാശാല അഭിഭാഷകനും രജിസ്ട്രാറുടെ നടപടികളെ കോടതിയിൽ പിന്തുണച്ചിരുന്നു.

Related Posts