നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയിൽ ഹർജി സമർപ്പിച്ചു. അന്വേഷണ സംഘം ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നാരോപിച്ചാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി സമർപ്പിച്ചത്. തുടക്കം മുതൽ അന്വേഷണ സംഘം എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് നീങ്ങിയതെന്ന് ഹർജിയിൽ പറയുന്നു. പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയത്.
തെളിവുകളെ നിരാകരിക്കുകയും പ്രതിക്ക് അനുകുലമാക്കി തീർക്കുകയും ചെയ്തെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അന്വേഷണ സംഘത്തിൻ്റെ വീഴ്ചകൾ അഭിഭാഷകനായ ജോൺ എസ്. റാഫ് മുഖേന സമർപ്പിച്ച ഹർജിയിൽ അക്കമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. നവീൻ ബാബുവിനു പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ പ്രശാന്തൻ്റെ ആരോപണത്തിന് തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.
നവീൻ ബാബു ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ.ഗീത നടത്തിയ അന്വേഷണ റിപ്പോർട്ടിലും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് പറയുന്നുണ്ട്. പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി. ദിവ്യ മാത്രമാണ് കേസിൽ പ്രതി. എഡിഎം നവീന് ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ വിളിക്കാതെ എത്തിയ ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.