ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനം. ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്താണ് സംഭവം. ഒരു ഗ്രാമം ഒലിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്. 4 പേർ മരിച്ചു. നിരവധി പേരെ കാണാതായി. എൻഡിആർഎഫ്, പോലീസ്, സൈന്യം മറ്റ് ദുരന്ത നിവാരണ സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
ശക്തയമായി ഒഴുകിയെത്തിയ വെള്ളത്തിനൊപ്പം വീടുകൾ ഒഴുകിപ്പോകുന്ന ഭയാനകമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ ഏകദേശം 10 -12 പേർ കുടുങ്ങിയിരിക്കാമെന്നും ഗ്രാമവാസിയായ രാജേഷ് പൻവാർ വാർത്താ ഏജൻസിയോട് പറഞ്ഞു. 20-25 ഹോട്ടലുകളും ഹോംസ്റ്റേകളും ഒലിച്ചുപോയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉത്തരാഖണ്ഡിൽ കനത്ത മഴയാണ്. വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭുജിയാഗട്ടിന് സമീപമുള്ള അരുവിയിൽ ഞായറാഴ്ച 2 പേർ മുങ്ങിമരിച്ചിരുന്നു. ഹൽദ്വാനിയ്ക്ക് സമീപമുള്ള ഭഖ്ര അരുവിയിൽ ഇന്നലെ ഒരാളെ കാണാതായിരുന്നു.