നിർമ്മാതാക്കളുടെ സംഘടന അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ നിർമ്മാതാവ് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചേക്കും. ട്രഷറർ സ്ഥാനത്തേക്കും പ്രസിഡൻ്റ് സ്ഥാനത്തേക്കുമുള്ള സാന്ദ്ര തോമസിൻ്റെ പത്രികയാണ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തള്ളിയത്.
സാന്ദ്ര തോമസ് പത്രിക തള്ളിയതിനെ ശക്തമായി പ്രതിഷേധിച്ചിരുന്നു. വരണാധികാരിയുമായും മറ്റ് അംഗങ്ങളുമായും തിങ്കളാഴ്ച വാക്കേറ്റവും ബഹളവും ഉണ്ടായി. ഗുഢാലോചനയുടെ ഭാഗമാണെന്നും തന്നോട് കാണിച്ചത് അനീതിയാണെന്നും സാന്ദ്ര പ്രതികരിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് ഈ മാസം 14 നാണ്. എക്സിക്യുട്ടീവ് കമ്മിറ്റി, പ്രസിഡന്റ്, ട്രഷറർ സ്ഥാനത്തേക്കുള്ള പത്രികയാണ് തള്ളിയത്. ട്രഷറർ സ്ഥാനത്തേക്കുള്ള പത്രിക പരിഗണിക്കുന്നതിനിടയിലാണ് വാക്കുതർക്കം ഉണ്ടായത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സാന്ദ്ര തോമസ് കഴിഞ്ഞ ദിവസമാണ് നാമനിർദേശ പത്രിക നൽകിയത്.