നിർമ്മാതാവ് സാന്ദ്ര തോമസ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നൽകിയ പത്രികകൾ തള്ളി. പ്രസിഡൻ്റ, ട്രഷറർ സ്ഥാനങ്ങളിലേക്ക് നൽകിയ പത്രികകളാണ് തള്ളിയത്. അസോസിയേഷനിലെ മുഖ്യസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയത് 3 സിനിമകൾ എങ്കിലും നിർമ്മിച്ചാൽ മാത്രമേ ഒരംഗത്തിന് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്.
2 സിനിമകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ വെന്ന വരണാധികാരിയുടെ വാദത്തെ സാന്ദ്രതോമസ് എതിർത്തു. നല്ല നിലാവുള്ള രാത്രി, ലിറ്റിൽ ഹാർട്സ് എന്നിവയാണ് ചിത്രങ്ങൾ. എന്നാൽ മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാർട്ണർ താനായിരുന്നു വെന്നും ആ ബാനറിൽ എടുത്ത ചിത്രങ്ങൾ തൻ്റെ പേരിലാണ് സെൻസർ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര വാദിച്ചു.
വിജയ് ബാബുവിൻ്റെ ചേർന്ന് ചിത്രങ്ങൾ നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിനെ കുറിച്ചാണ് സാന്ദ്ര തോമസ് സൂചിപ്പിച്ചത്. 3 സെൻസർ സർട്ടിഫിക്കറ്റുകൾ ഒരു സ്ഥിരം അംഗത്തിന് ഉണ്ടെങ്കിൽ മത്സരത്തിന് യോഗ്യത ഉണ്ടെന്നാണ് ബൈലോയിൽ പറയുന്നതെന്നും 9 സിനിമകൾ തൻ്റെ പേരിൽ സെൻസർ ചെയ്തിട്ടുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു.
എന്നാൽ ഒരു സിനിമ നിർമ്മിച്ചാൽ മാത്രം മത്സരിക്കാവുന്ന എക്സിക്യുട്ടിവ് കമ്മിറ്റിയിലേക്ക് സാന്ദ്രയ്ക്ക് മത്സരിക്കാമെന്നും വരണാധികാരി പറഞ്ഞു. പത്രിക തള്ളിയതിനെതിരെ താൻ കോടതിയിലേക്ക് പോകുമെന്ന് സാന്ദ്ര പ്രതികരിച്ചു. സാന്ദ്ര തോമസും സുരേഷ് കുമാറും തമ്മിൽ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്ത് വാക്കുതർക്കവും ഉണ്ടായി.