പത്തനംതിട്ടയിൽ മകന്‍റെ എന്‍ജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനാകാത്തതില്‍ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസ് ജീവനക്കാർക്ക് സസ്പെൻഷൻ. സൂപ്രണ്ട് എസ്.ഫിറോസ്, ഓഫിസ് പി.എ എന്‍.ജി.അനില്‍കുമാര്‍, സെക്ഷന്‍ ക്ലര്‍ക്ക് ആര്‍.ബിനി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മകന്‍റെ എന്‍ജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനാകാത്തതില്‍ മനം നൊന്ത് പത്തനംതിട്ട നാറാണമൂഴി സെന്‍റ്. ജോസഫ് ഹൈസ്കൂളിലെ അധ്യാപികയുടെ ഭർത്താവാണ് ജീവനൊടുക്കിയത്.

അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്തു. നാറാണമൂഴി സെന്റ് ജോസഫ് ഹൈസ്കൂളിലെ പ്രധാന അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ മാനേജ്‌മെൻ്റിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസ് പരിധിയിലുള്ള നാറാണംമൂഴി സെന്‍റ് ജോസഫ് ഹൈസ്‌കൂളിലെ അധ്യാപികയുടെ യുപിഎസ് ടി തസ്തികയിലെ നിയമനം ഉപാധികളോടെ അംഗീകരിച്ച് 2024 നവംബര്‍ 26ന് ഹൈക്കോടതി ഉത്തരവിടുകയും ശമ്പളവും മറ്റാനുകൂല്യങ്ങളും 3 മാസത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ 2025 ജനുവരി 17 നും ഇതിനായി നിര്‍ദേശം നല്‍കി.

എന്നാല്‍ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില്‍ മറ്റു തുടര്‍നടപടികള്‍ ഒന്നും സ്വീകരിക്കാതെ വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കുകയും, സ്പാര്‍ക്ക് ഓതൻ്റിക്കേഷന് സ്‌കൂള്‍ പ്രധാനാധ്യാപിക നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുക്കാതെ വച്ച് താമസിപ്പിച്ചതിലും പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോര്‍ട്ട് നൽകിയത്.

കര്‍ശന നടപടി ഉണ്ടാകുമെന്നും സംഭവം അത്യന്തം വേദനാജനകമാണെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സസ്പെൻഷൻ നടപടി. ‘‘മരിച്ചയാളിന്‍റെ പിതാവുമായി സംസാരിച്ചു. നടപടികള്‍ക്ക് കാലതാമസം നേരിട്ടിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങിനെയെങ്കില്‍ ഇത് ഗുരുതരമായ വീഴ്ചയാണ്. ഒരു തരത്തിലും വച്ചുപൊറുപ്പിക്കാനാവില്ല’’ – മന്ത്രി പറഞ്ഞു.

നിയമനം സംബന്ധിച്ച വിഷയം ശ്രദ്ധയില്‍ വന്ന ഉടന്‍ തന്നെ, നേരത്തേ, കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഇനിയൊരിക്കലും ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ആവശ്യമായ തുടര്‍നടപടികള്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

Related Posts