മരക്കൊമ്പ് മുറിച്ചു മാറ്റുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം. കാട്ടൂർ പള്ളുരുത്തിയിൽ എബ്രഹാം (46) ആണ് മരിച്ചത്. കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ മരത്തടി രണ്ടായി പിളർന്നതാണ് അപകടത്തിന് ഇടയാക്കിയത്. മരത്തടിയും ശരീരവും ചേർത്ത് ബന്ധിച്ച കയർ ശരീരത്തിൽ മുറുകിയാണ് എബ്രഹാം മരിച്ചത്. ഇന്നലെ രാവിലെ (ഞായറാഴ്ച) 10 മണിയോടെയാണ് അപകടം.
കാട്ടൂർ കണ്ടനാട് മാർഷന്റെ പുരയിടത്തിലെ അക്കേഷ്യയുടെ കൊമ്പായിരുന്നു മുറിച്ച് മാറ്റിയിരുന്നത്. മരത്തടിയിൽ കമ്പുകെട്ടി അതിൽ ഇരുന്ന് ആയിരുന്നു കൊമ്പ് മുറിച്ചത്. ശരീരവും മരത്തടിയും സുരക്ഷ ഉറപ്പിക്കാൻ ചേർത്ത് കയറുമായി ബന്ധിച്ചിരുന്നു. കൊമ്പ് കട്ടർ ഉപയോഗിച്ച് മുറിക്കുന്നതിനിടെ ഭാരം മൂലം തടി രണ്ടായി പിളരുകയായിരുന്നു. കയർ ഇതോടെ ശരീരത്തിൽ മുറുകി എബ്രഹാം മരത്തിൽ അമരുകയായിരുന്നു. വടം മുറിച്ച് സഹായികൾ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറോളം മുകളിൽ കുടുങ്ങിയ എബ്രഹാമിനെ വലകെട്ടിയാണ് താഴെയിറക്കിയത്. തുടർന്ന് ചെട്ടികാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: റോണിയ, അച്ഛൻ: പരേതനായ ഭസ്സൾ, അമ്മ: ജോണമ്മ. സംസ്ക്കാരം തിങ്കളാഴ്ച 10-ന് കാട്ടൂർ സെയ്ൻ്റ് മൈക്കിൾസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തും.