പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തായ സംഭവം അന്വേഷിക്കാൻ കെപിസിസി നിർദേശിച്ചു. അന്വേഷണ ചുമതല അച്ചടക്ക സമിതി അധ്യക്ഷനായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. ഫോൺ സംഭാഷണം ചോർന്നതിനു പിന്നിൽ പാർട്ടി പ്രവർത്തകരുടെ പങ്ക് അടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും.
വീണ്ടും എൽഡിഎഫ് അധികാരത്തിലെത്തുമെന്നും കോൺഗ്രസ് അധോഗതിയിലാണെന്നുമുള്ള സ്വന്തം ഫോൺ സംഭാഷണം പുറത്തായതിനെ തുടർന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി രാജിവച്ചിരുന്നു. ചാനലുകളിലൂടെ ഫോൺ സംഭാഷണം പുറത്തു വന്ന് മണിക്കൂറുകൾക്കകമായിരുന്നു രാജി.
കെപിസിസിയും എഐസിസിയും ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് രവി ഒഴിഞ്ഞത്. പകരം ചുമതല നൽകിയത് മുൻ മന്ത്രി എൻ.ശക്തനാണ്. വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീൽ 3 മാസം മുൻപ് ഒരു പരിപാടിക്കായി വിളിച്ചപ്പോൾ നടത്തിയ സംഭാഷണമാണു പുറത്തു വന്നത്.