തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് പാലോട് രവി ഫോൺ സംഭാഷണം ചോർന്നതിനെ തുടർന്ന് രാജിവച്ചതിന് പിന്നാലെ ജിലേബി വിതരണം. പെരിങ്ങമ്മല യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് ഷംനാദ് പാലോടാണ് മധുരം വിതരണം ചെയ്തത്. ഷംനാദിനെ ഇതിൻ്റെ വീഡിയോ പുറത്ത് വന്നതോടെ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും പാർട്ടി നീക്കം ചെയ്തു.
സംഘടനാ വിരുദ്ധ പ്രവർത്തനമെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി. കോൺഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോകും മുസ്ലിം വിഭാഗം മറ്റു പാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തു വന്നത്.
വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലും പാലോട് രവിയും തമ്മിലുള്ള ഫോൺ സംഭാഷണം പ്രാദേശിക നേതാക്കൾക്കിടയിലെ സ്വാർത്ഥതയും ഗ്രൂപ്പിസവും ഉൾപ്പെടെയുള്ള പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ വെളിപ്പെടുത്തുന്നതായിരുന്നു. സംഭാഷണം ചോർത്തി സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ജലീലിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.