പതിനഞ്ചുകാരിക്ക് നേരെ വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തിയ വ്ളോഗർ അറസ്റ്റിൽ. വിദേശത്ത് നിന്നു മടങ്ങി വരുമ്പോൾ മംഗലാപുരം വിമാനത്താവളത്തിൽ വെച്ച് കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 7 വർഷത്തോളമായി ഷാലു കിങ് വ്ലോഗ്സ്, ഷാലു കിങ് ഫാമിലി, ഷാലു കിങ് മീഡിയ തുടങ്ങിയ പേരിൽ ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ക്രിയേറ്റ് ചെയ്തു വരികയായിരുന്നു. ഇയാൾ 2016-ൽ ആദ്യ വിവാഹം കഴിച്ചിരുന്നു. ഇയാൾക്ക് ഇതിൽ 3 മക്കളുണ്ട്.
പതിനഞ്ചുകാരിയെ പരിചയപ്പെടുന്നത് ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ്. സ്നാപ് ചാറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴിയായിരുന്നു പരിചയം. വിവാഹം പിന്നീട് കഴിക്കാം എന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രതി സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെ വിദേശത്തേക്ക് കടന്നു. പിന്നാലെ കൊയിലാണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വിദേശത്തു നിന്നും മംഗലാപുരം വിമാനത്താവളം വഴി എത്തിയപ്പോഴായിരുന്നു പോലീസ് പിടികൂടിയത്. എസ്ഐ ആർ.സി. ബിജു, കൊയിലാണ്ടി എസ്എച്ച്ഒ ശ്രീലാൽ ചന്ദ്രശേഖരൻ, സന്തോഷ് ലാൽ, എഎസ്ഐ കെ.പി. ഗിരീഷ്, വിജുവാണിയംകുളം, ശ്രീലത തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.