ജാതിക്കും മതത്തിനുമെതിരെ ശ്രീനാരായണ ഗുരുവെടുത്ത നിലപാടുകൾ നിർണായകമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. വിദ്യാഭ്യാസം നൽകി സമൂഹത്തെ വളർത്തിയെടുത്ത ഗുരുവിൻ്റെ ദർശനങ്ങൾ ആധുനിക കാലത്തും പ്രസക്തമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധി ശതാബ്ദിയുടെ 2028 വരെ നീണ്ടുനിൽക്കുന്ന ആഗോളതല പരിപാടികളുടെ കേന്ദ്രതല ഉദ്ഘാടനം നിർവഹിക്കാനായിട്ടാണ് രാഷ്ട്രപതി ശിവഗിരിയിലെത്തിയത്. പാപനാശം ഹെലിപ്പാട് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ എത്തിച്ചേർന്ന രാഷ്ട്രപതി റോഡ് മാർഗമാണ് ശിവഗിരിയിലെത്തിയത്. ശിവഗിരിയിലെത്തിയ ദ്രൗപദി മുർമു മഹാസമാധിയിൽ ദർശനം നടത്തി.
തീർത്ഥാടന ഓഡിറ്റോറിയത്തിൽ ശ്രീനാരായണഗുരു മഹാപരിനിർവാണ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ട്രഷറർ സ്വാമി ശാരദാനന, മന്ത്രി വി.എൻ. വാസവൻ, മന്ത്രി വി ശിവൻകുട്ടി. മുൻ കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ, അടൂർ പ്രകാശ് എം.പി, വി ജോയി എം എൽ എ തുടങ്ങിയവർ പങ്കെടുത്തു.