റോഡിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് നെടുമങ്ങാട് യുവാവ് മരിച്ചു. തിരുവനന്തപുരം പനയമുട്ടം സ്വദേശി 19കാരനായ അക്ഷയ് ആണ് മരിച്ചത്. റോഡിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്ന് വൈദ്യുത ലൈൻ റോഡിൽ പൊട്ടി വീണ് കിടന്നതാണ് അപകട കാരണം.

ബൈക്കിൽ കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങിവരവെയാണ് റോഡ‍ിൽ വീണ് കിടന്ന വൈദ്യുത ലൈനിൽ തട്ടി യുവാവ് മരിച്ചത്. അക്ഷയ് ആണ് വണ്ടി ഓടിച്ചത്. പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്. 3 പേർ ബൈക്കിൽ ഉണ്ടായിരുന്നു. പോസ്റ്റ് പൊട്ടി വീണ് കിടന്നത് ആരും കണ്ടില്ലെന്നും കെഎസ്ഇബിയുടെ അനാസ്ഥയാണ് മരണകാരണമെന്നും വാർഡ് മെമ്പർ പി എം സുനിൽ പ്രതികരിച്ചു.

അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റാൻ കെഎസ്ഇബിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ നടപടി ഉണ്ടായില്ലെന്നും വാർഡ് മെമ്പർ കുറ്റപ്പെടുത്തി. പഞ്ചായത്ത് പരാതി കൊടുത്തിട്ടും നടപടി എടുക്കാൻ തയ്യാറാവുന്നില്ലെന്നും പഞ്ചായത്ത് അംഗം കൂട്ടിച്ചേർത്തു. ഇനിയും നിരവധി മരങ്ങൾ പൊട്ടിവീഴാറായ നിലയിലാണെന്നും അടിയന്തര നടപടി വേണമെന്നും വാർഡ് അംഗം ആവശ്യപ്പെട്ടു.

Related Posts