നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തോത് കുറയ്ക്കാന്‍ ബെംഗളൂരുവിൽ ബിഎംടിസിയുടെ ഇലക്ട്രിക് ബസുകള്‍. പുതിയ 148 നോണ്‍ എസി ഇലക്ട്രിക് ബസുകള്‍ കൂടിയാണ് നിരത്തിലിറക്കിയത്. ബെംഗളൂരുവില്‍ സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ എണ്ണം ഇതോടെ 1436 ആയി.

പ്രതിദിനം ഈ സര്‍വീസുകളിലൂടെ 2 ലക്ഷത്തിലേറെ കിലോ ഗ്രാം കാര്‍ബണ്‍ഡയോക്സൈഡ് പുറന്തള്ളുന്നതാണ് തടയുന്നത്. 77000 ലിറ്റര്‍ ഡീസല്‍ ഉപയോഗം കുറയ്ക്കാനും സാധിക്കും. ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പുതിയ സര്‍വീസുകളുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു.

ടാറ്റാ മോട്ടോർസ് ലിമിറ്റഡ് സ്‌മാർട് സിറ്റി മൊബിലിറ്റി സൊല്യൂഷൻസ് ലിമിറ്റഡുമായുള്ള ഗ്രോസ് കോസ്റ്റ് കോൺട്രാക്‌ട് പ്രകാരമാണ് സർവീസ് നടത്തുന്നത്. വൈദ്യുതി ചാർജ് നിരക്ക് അടക്കം കിലോ മീറ്ററിന് 41.01 രൂപയാണ് ടിഎംഎൽ സ്മാർട് സിറ്റി മൊബിലിറ്റി സൊല്യൂഷൻസിന് ലഭിക്കുക.

200 കിലോമീറ്റർ യാത്ര ഒറ്റത്തവണ ചാർജ് ചെയ്‌താൽ നടത്താനാകും. 35 യാത്രക്കാർക്ക് ഇരുന്ന് യാത്രചെയ്യാം. ഒരു വീൽച്ചെയറിനുള്ള സൗകര്യവുമുണ്ട്. ഉൾഭാഗത്ത് മൂന്ന് ക്യാമറകളുണ്ട്. വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി പാനിക് ബട്ടണുകളുണ്ട്. ഒരു ബസിലുള്ളത് 10 പാനിക് ബട്ടണാണ്.

കെംപെഗൗഡ ബസ് സ്റ്റാൻഡിൽ നിന്ന് ബിദഡി, ആനെക്കൽ, ദോഡ്ഡബല്ലാപൂർ, ദാബസാപേട്ടെ എന്നിവിടങ്ങളിലേക്കും ടിൻ ഫാക്‌ടറി-ഹോസ്കോട്ടെ റൂട്ടിലുമാണ് പുതിയ സർവീസുകൾ നടത്തുന്നത്. ആകെ 44 ഷെഡ്യൂളുകളായി 348 ട്രിപ്പുകൾ നടത്തും.

Related Posts