പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിൽ വീട്ടിൽ സ്ഥാപിച്ചിരുന്ന ലിഫ്റ്റിൽ തല കുടുങ്ങി 75-കാരൻ മാതുക്കുട്ടി മരിച്ചു. അപകടസമയത്ത് ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫയർഫോഴ്സ് എത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീടിന് താഴെയുള്ള റോഡിൽ നിന്ന് മുകളിലെ വീട്ടിലേക്ക് എത്തുന്നതിനായി പ്രത്യേകമായി നിർമ്മിച്ച ലിഫ്റ്റിലാണ് അപകടമുണ്ടായത്. ശാരീരിക പരിമിതിയുള്ള വ്യക്തിയായിരുന്ന മാതുക്കുട്ടിയുടെ സൗകര്യത്തിനായാണ് ഈ ലിഫ്റ്റ് സ്ഥാപിച്ചിരുന്നത്.
വാഹനം പാർക്ക് ചെയ്ത ശേഷം ലിഫ്റ്റിൽ കയറിയ മാതുക്കുട്ടി വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ലിഫ്റ്റ് നിലച്ചപ്പോൾ തല പുറത്തേക്ക് നീട്ടിയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെയാണ് ലിഫ്റ്റിൻ്റെ സ്റ്റീൽ ഘടനയ്ക്കിടയിൽ തല കുടുങ്ങി അപകടമുണ്ടായതെന്നാണ് സൂചന.
ഭാര്യ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ലിഫ്റ്റ് തുറന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായിരുന്നു മാതുക്കുട്ടി. ഭാര്യയോടൊപ്പം മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മക്കൾ വിദേശത്താണെന്ന് ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.