ആന്ധ്ര വിജയവാഡയിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് കനാലിൽ തള്ളിയ കേസിൽ ഇറച്ചിക്കട ഉടമ അറസ്റ്റിൽ. മംഗളഗിരി സ്വദേശിനിയായ കല്യാണി (35) ആണ് കൊല്ലപ്പെട്ടത്. ഭവാനിപുരം സ്വദേശി മുഹമ്മദ് ഷാഫി (35)യെയാണ് ഇബ്രാഹിംപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ 18ന് ഇബ്രാഹിംപട്ടണത്തെ വി.ടി.പി.എസ്. കൂളിങ് കനാലിന് സമീപം തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കല്യാണിയുടേതാണെന്ന് തിരിച്ചറിഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസ് പുറത്തുവിട്ട വിവരങ്ങളും ചിത്രങ്ങളും കണ്ടാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്.

മുഹമ്മദ് ഷാഫി ഭാര്യയെയും കുട്ടികളെയും ഗുണ്ടൂരിലേക്ക് അയച്ചശേഷം കല്യാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പൊലീസ് പറയുന്നത്. പണവുമായി ബന്ധപ്പെട്ടും ഷാഫിയുടെ കുടുംബത്തിൻ്റെ സംരക്ഷണയിലായിരുന്ന കല്യാണിയുടെ കുട്ടിയെച്ചൊല്ലിയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ഷാഫി കത്തികൊണ്ട് കല്യാണിയെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാനും എളുപ്പത്തിൽ മാറ്റി ഒളിപ്പിക്കാനുമായി ഷാഫി ശരീരം പല ഭാഗങ്ങളാക്കി മുറിച്ചെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. തലയും കാലുകളും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ പിന്നീട് ഗോല്ലാപ്പുടി പ്രദേശത്തെ കനാലിലെത്തിച്ച് ഉപേക്ഷിച്ചതായും പൊലീസ് അറിയിച്ചു.

തിരിച്ചറിയാതിരിക്കാനും മൃതദേഹം ഉപേക്ഷിക്കാനും ശരീരം പല കഷണങ്ങളാക്കി കനാലിൽ തള്ളിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. ഡ്രോണിൻ്റെയും എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ നടത്തിയ തിരച്ചിലിൽ തലയും കാലുകളും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്തി. ഒരു കൈ ഇതുവരെ കണ്ടെത്താനായിട്ടില്ല.

സംഭവത്തിൽ ഷാഫിക്കൊപ്പം മറ്റൊരാളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിൻ്റെ കൃത്യമായ കാരണം, പ്രതികളുടെ പങ്ക്, മൃതദേഹം കനാലിലെത്തിച്ച രീതി എന്നിവ സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

Related Posts