പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. പ്രതി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. തെലങ്കാനയിലെ ജഡ്‌ചേർലയിലെ സ്വകാര്യസ്‌കൂളിൽ റിസപ്ഷനിസ്റ്റായ വൈഷ്ണവി (21) യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം നടുറോഡിൽ വെച്ചാണ് സംഭവം. വൈഷ്ണവിയെ പ്രതി നിരന്തരം പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുള്ള പകയാണ് കൊലപാതക ത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

ശനിയാഴ്ച ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന വൈഷ്ണവിയെ പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം പ്രതി സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി മർദ്ദിച്ചു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ പ്രതിയെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

പ്രതിയുടെ പേര് തേജ എന്നാണെന്നും ഇയാളുടെ മൊബൈൽഫോണോ തിരിച്ചറിയൽ കാർഡുകളോ സംഭവസ്ഥലത്തു നിന്ന് കിട്ടിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പ്രതിയും യുവതിയും നേരത്തേ ഒരേ സ്‌കൂളിൽ ജോലി ചെയ്തിരുന്നവരാണ്. ഇതിനിടെയാണ് ഇരുവരും പരിചയത്തിലായതെന്നും പ്രതിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് ഇരുവരും തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Related Posts