ബെംഗളൂരുവിൽ കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കാമാക്ഷിപാളയ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടിഗെപാളയത്താണ് സംഭവം. 34-കാരനായ പ്രശാന്ത് ആണ് അമ്മ മംഗളമ്മ (55), മുത്തശ്ശി നഞ്ചമ്മ (65), അമ്മാവൻ സതീഷ് (50) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സീലിങ് ഫാനിൽ തൂങ്ങിമരിച്ചത്.

ശനിയാഴ്ച രാവിലെ പിതാവ് ചിക്കണ്ണ ജോലിക്കായി വീട്ടിൽ നിന്ന് പോയതിന് പിന്നാലെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് മൂവരെയും ആക്രമിച്ച ശേഷം പ്രശാന്ത് ആത്മഹത്യ ചെയ്തതായാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ കാമാക്ഷിപാളയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡ്രൈവറായിരുന്ന പ്രശാന്ത് മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയിരുന്നതായും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

മരിച്ച മംഗളമ്മ ഗാർമെന്റ് ഫാക്ടറി ജീവനക്കാരിയായിരുന്നു. നഞ്ചമ്മ ശുചീകരണ തൊഴിലാളിയായും സതീഷ് പ്ലംബറായും ജോലി ചെയ്തുവരികയായിരുന്നു. നാലുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൻ്റെ യഥാർഥ കാരണം കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Related Posts