വേൾഡ് മലയാളി കൗൺസിൽ (WMC) ഇന്ത്യ റീജിയൻ്റെ ആഭിമുഖ്യത്തിൽ ബെംഗളൂരു പ്രൊവിൻസിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഇന്ദിരാനഗറിലുള്ള ഇ സി എ ക്ലബ്ബിൽ വെച്ച് നടക്കും. ഇന്ത്യയിലെ വിവിധ മേഖലകളിലേക്ക് വേൾഡ് മലയാളി കൗൺസിലിൻ്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ പ്രൊവിൻസ് രൂപീകരിക്കുന്നത്. ചടങ്ങു വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ പ്രസിഡണ്ട് ബേബി മാത്യു സോമതീരം ഉദ്ഘാടനം ചെയ്യും. സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും, സമൂഹത്തിലെ വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കളും ഇന്ത്യ റീജിയൻ നേതാക്കളും ചടങ്ങിൽ സാന്നിധ്യം വഹിക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ ഓൺലൈൻ വഴി പരിപാടിയിൽ പങ്കെടുക്കും. ബെംഗളൂരു പ്രവിശ്യയുടെ അഡ്ഹോക്ക് കമ്മിറ്റി ഇതിനകം രൂപീകരിച്ചിട്ടുണ്ട്. പതിനഞ്ചു അംഗങ്ങളടങ്ങിയ സമ്പൂർണ്ണ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രഖ്യാപനം ഉദ്ഘാടന ചടങ്ങിൽ നടക്കും. പരിപാടിയിൽ ഉദ്ഘാടന ചടങ്ങിനൊപ്പം മുഖ്യാതിഥികളുടെ പ്രസംഗങ്ങളും ഭാവി പ്രവർത്തന പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകളും ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രസിഡണ്ട് സോമശേഖരൻ അറിയിച്ചു.
