ഭരണകാര്യക്ഷമതാ വിഭാഗത്തിൽ നിന്ന് ഇലോൺ മസ്ക് പടിയിറങ്ങിയതിനു പിന്നാലെ പുതിയ നേതൃത്വത്തെ നിയോഗിക്കാൻ ട്രംപ്. മസ്‌കിൻ്റെ അഭാവം പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപും മന്ത്രിസഭയും നികത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. മസ്‌ക് ഇപ്പോൾ ബിസിനസ് സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ കാര്യക്ഷമതാ വകുപ്പിൽ നിന്ന് (DOGE) മാറിനിൽക്കുകയാണെന്നും മസ്‌കിൻ്റെ ശൂന്യത ട്രംപ് ഭരണകൂടത്തിൻ്റെ കൂട്ടായ പ്രവർത്തനത്തോടെ നികത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ട്രംപും കാബിനറ്റും കാര്യക്ഷമതാ വകുപ്പിലെ മറ്റു ജീവനക്കാരും ചേർന്ന് മസ്‌ക് തുടങ്ങിവെച്ച ചെലവുചുരുക്കൽ നടപടികൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. ബുധനാഴ്ചയാണ് ഭരണകൂട കാര്യക്ഷമതാ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് പിന്മാറുകയാണെന്ന് മസ്‌ക് പ്രഖ്യാപിച്ചത്. ചെലവ് ചുരുക്കാനുള്ള അവസരം തന്നതിന് പ്രസിഡൻ്റ് ട്രംപിന് നന്ദിയുണ്ടെന്ന് മസ്‌ക് പറഞ്ഞു.
മസ്‌കിൻ്റെ നിലപാട്. DOGE ദൗത്യം കാലക്രമേണ ശക്തിപ്പെടുമെന്നാണ്. എന്തെന്നാൽ അത് സർക്കാരിൻ്റെ ഒരു ജീവിതരീതിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എപ്പോഴും മസ്‌ക് നമ്മുടെ കൂടെയുണ്ടാവുമെന്ന് ട്രംപ് പ്രതികരിച്ചു. മസ്കുമായി വെള്ളിയാഴ്ച ഓവൽ ഓഫീസിൽ വാർത്താ സമ്മേളനം നടത്തുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.
അനാവശ്യ ചെലവുകൾ 2024-ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ കുറയ്ക്കുമെന്നായിരുന്നു മസ്‌കിൻ്റെ പ്രധാന വാഗ്‌ദാനം. ആസ്തികൾ വിൽക്കുന്നതിലൂടെയും വിവിധ കരാറുകൾ റദ്ദാക്കുന്നതിലൂടെയും മറ്റും ഇതുവരെ 160 ബില്യൺ ഡോളർ ലാഭിച്ചിട്ടുണ്ടെന്നാണ് DOGE വെബ്സൈറ്റ് അവകാശപ്പെടുന്നത്.