രണ്ടു സ്ഥലങ്ങളിലായി മംഗളൂരുവിൽ വീടുകൾക്കു മേൽ മണ്ണിടിഞ്ഞു വീണ് 3 കുട്ടികളടക്കം 4 പേർ മരിച്ചു. വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഉള്ളാൾ മൊണ്ടപ്പദവിൽ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (58), ഇവരുടെ മകൻ സീതാറാമിൻ്റെ മക്കളായ ആര്യൻ (മൂന്ന്), ആരുഷ് (രണ്ട്) എന്നിവരാണു മരിച്ചത്. കുട്ടികളുടെ അമ്മയായ അശ്വിനിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ പുലർച്ചെ ഒരുമണിയോടെയുണ്ടായ മണ്ണിടിച്ചിലിൽ തകർന്ന വീടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ട അശ്വിനിയെയും മക്കളെയും 11 മണിക്കുറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.

സംഭവസ്ഥലത്തു തന്നെ ആര്യൻ മരിച്ചിരുന്നു. ഇളയ കുട്ടി ആരുഷിനെ മാറോടു ചേർത്തുപിടിച്ച നിലയിലാണ് അശ്വിനിയെ പുറത്തെടുത്തത്. കുട്ടികളെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അശ്വിനി വിളിച്ചു പറയുന്നതിൻ്റെ വീഡിയോ പുറത്തുവന്നിരുന്നു ഒരു കുട്ടിയുടെ ശബ്ദവും പുറത്തു കേട്ടിരുന്നു. എന്നാൽ കനത്ത മഴയും മണ്ണിടിച്ചിലും മൂലം രക്ഷാപ്രവർത്തനങ്ങൾ പലതവണ തടസപ്പെടുകയായിരുന്നു. കാന്തപ്പ പൂജാരി, മകൻ സീതാറാം എന്നിവർക്കും പരിക്കേറ്റു.

മറ്റൊരു വീടിനുമേൽ കുന്നിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ദേർലക്കട്ടെയ്ക്കു സമീപം ബെല്ലുഗ്രാമയിൽ 6 വയസുകാരി നയീമയാണു മരിച്ചത്. ബെല്ലുഗ്രാമയിലെ നൗഷാദിൻ്റെ വീടിനു സമീപമുള്ള കുന്നിൻ്റെ ഒരു ഭാഗവും നേരത്തെ കുന്നിടിച്ച ഭാഗത്തെ പാർശ്വഭിത്തിയും വീടിനു മുകളിലേക്ക് പതിച്ചുണ്ടായ അപകടത്തിലാണ് മകൾ നയീമ മരിച്ചത്. വീടിൻ്റെ കിടപ്പുമുറിയുടെ ജനാല തകർന്ന് മണ്ണും കല്ലുകളും ഉറങ്ങിക്കിടന്ന പെൺ കുഞ്ഞിനുമേൽ പതിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Posts