രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ വ്യാപകമായ നടപടി ആരംഭിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ജനുവരി മുതൽ ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ‌9,400 അക്കൗണ്ടുകൾ വാട്സ്ആപ്പ് നീക്കം ചെയ്തതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.

ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന് വേണ്ടി അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ തട്ടിപ്പുകൾ സംബന്ധിച്ച് ഫെബ്രുവരി ഒമ്പതിന് സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. തുടർന്നാണ് വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ടെലികോം വകുപ്പ് എന്നിവരമായി സഹകരിച്ച് നഷ്ടപരിഹാരം നൽകണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

തട്ടിപ്പ് ശൃംഖലകളെ കണ്ടെത്തി നീക്കം ചെയ്യാനുള്ള സംവിധാനങ്ങൾ ശക്തമാക്കിയതിൻ്റെ ഭാഗമായി 9,400 അക്കൗണ്ടുകൾ പൂട്ടി. പൊലീസ്/സർക്കാർ ലോഗോകൾ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്താനും നീക്കം ചെയ്യാനും പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തി. പുതുതായി സൃഷ്ടിച്ച അക്കൗണ്ടുകളിൽ നിന്നുള്ള കോളുകൾക്കായി മുന്നറിയിപ്പുകളും അപരിചിത കോളർമാരുടെ പ്രൊഫൈൽ ചിത്രങ്ങൾ മറയ്ക്കുന്ന സംവിധാനങ്ങളും നടപ്പിലാക്കാൻ പദ്ധതിയുണ്ട്

Related Posts