ബിഹാറിൽ 121 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിന്‍ഹ എന്നിവരടക്കമുള്ള നേതാക്കൾ ജനവിധി തേടുകയാണ്. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. നേതാക്കൾ വീടുകളിലെത്തി വോട്ടർമാരുമായി നേരിട്ടുള്ള സമ്പർക്കത്തിനും ജനകീയ പ്രഖ്യാപനങ്ങൾക്കും മുൻതൂക്കം നൽകി പ്രചാരണം മുന്നോട്ട് കൊണ്ടുപോകുകയാണ്. ബിജെപിയുടെയും കോൺഗ്രസിൻ്റെയും താരപ്രചാരകർ സംസ്ഥാനത്ത് ഇന്നും സജീവമാണ്.
തേജ് പ്രതാപ് യാദവ്, മിതാലി താക്കൂർ തുടങ്ങിയവരാണ് ആദ്യഘട്ട മത്സരത്തിലെ പ്രധാന താരങ്ങൾ. ആദ്യഘട്ട മണ്ഡലങ്ങളിൽ പരമാവധി സീറ്റുകൾ ഉറപ്പിക്കാൻ മുന്നണികൾ മുഴുവൻ ശക്തിയും വിനിയോഗിക്കുന്നു. 2020ലെ തിരഞ്ഞെടുപ്പിൽ ഈ 121 സീറ്റുകളിൽ 61 എണ്ണം മഹാസഖ്യം നേടിയിരുന്നു.
വോട്ടെടുപ്പ് ദിവസം പ്രതിപക്ഷ പ്രവർത്തകരെ വീട്ടിൽ തടയണമെന്ന പരാമർശത്തിൽ ജെഡിയു നേതാവും കേന്ദ്രമന്ത്രിയുമായ ലല്ലൻ സിങ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് വിശദീകരണം നൽകും.