പഴയകാല ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം സംഭവിച്ചത്. തൃശൂർ സ്വദേശിയാണ് രവികുമാർ. നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാർ.

മലയാള സിനിമയിൽ എഴുപതുകളിലും എൺപതുകളിലും തിളങ്ങി നിന്ന നടനാണ് രവികുമാർ. നായകൻ, വില്ലൻ വേഷങ്ങൾ 1970 കളിലും 80 കളിലും കൈകാര്യം ചെയ്താണ് രവികുമാർ ശ്രദ്ധേയനാകുന്നത്. 1975 ൽ പുറത്തിറങ്ങിയ ഉല്ലാസ യാത്ര എന്ന സിനിമയിലൂടെ ആയിരുന്നു രവികുമാറിൻ്റെ അരങ്ങേറ്റം.

1976-ൽ മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. മലയാളത്തിലും തമിഴിലുമായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം നിരവധി സിനിമകളിൽ നായകനായും വില്ലനായുമെല്ലാം തിളങ്ങിയിട്ടുണ്ട്.

തൊണ്ണൂറുകളുടെ അവസാനത്തോടെ സിനിമ വിട്ട നടൻ ടെലിവിഷനിൽ സജീവമായിരുന്നു. മലയാളത്തിലും തമിഴിലും നിരവധി പരമ്പരകളിൽ അദ്ദേഹം അഭിനയിച്ചു. അടുത്തിടെ ആറാട്ട് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് അദ്ദേഹം തിരിച്ച് എത്തിയിരുന്നു. മമ്മൂട്ടി നായകനായ സിബിഐ അഞ്ചിലും അദ്ദേഹം ഒടുവിൽ അഭിനയിച്ചിരുന്നു.

Related Posts