തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ട കൊലപാതകക്കേസിലെ പ്രതി അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂർത്തിയായി. ചുറ്റിക വാങ്ങിയ വെഞ്ഞാറമൂടിലുള്ള കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അഫാനെ കടയുടമ തിരിച്ചറിഞ്ഞു. പിതൃമാതാവിൻ്റെ മാല പണയം വെച്ച സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി.
ചുറ്റിക വാങ്ങിയ ശേഷം അതൊളിപ്പിക്കാൻ വാങ്ങിയ ബാഗ് കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. ആൾക്കൂട്ടം തമ്പടിച്ചിരുന്നത് കൊണ്ട് അഫാനുമായി തെളിവെടുപ്പ് നടത്തിയത് സ്ഥലത്ത് വൻ പോലീസ് സുരക്ഷയിലായിരുന്നു. വെഞ്ഞാറമൂട് കൂട്ട കൊലപാതക കേസിൽ പ്രതി അഫാൻ്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.
പാങ്ങോട് പോലീസിൻ്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ വൈകിട്ടോടെ നെടുമങ്ങാട് കോടതിയിൽ പ്രതിയെ ഹാജരാക്കി റിമാൻഡ് ചെയ്യും. തുടർന്ന് പിതൃ സഹോദരൻ്റെയും ഭാര്യയുടെയും കൊലപാതകത്തിൽ കിളിമാനൂർ പോലീസ് കസ്റ്റഡി അപേക്ഷ നൽകും.