തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്കു മാറ്റി. അഫാനെ 24 മണിക്കൂറും നിരീക്ഷിക്കാൻ മൂന്ന് ജയിൽ ഉദ്യോഗസ്ഥരെയും നിയോഗിച്ചു.
വിശ്വസ്തതനായ ജയിലിലെ മറ്റൊരു തടവുകാരനെയും ഈ സെല്ലിൽ താമസിപ്പിച്ചിട്ടുണ്ട്.
ഈ സെല്ലിൽ നിരീക്ഷണ ക്യാമറയുമുണ്ട്. ജയിലിലെത്തിയശേഷം താനും ജീവനൊടുക്കുമെന്ന് അഫാൻ ജയിൽ ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് പ്രത്യേക നിരീക്ഷണം ഏ ർപ്പെടുത്തിയത്. സംഭവത്തിൻ്റെ രണ്ടാംനാൾ ആശുപത്രിയിൽ വെച്ച് ഡോക്ടർ പറഞ്ഞപ്പോഴാണ് ഉമ്മ മരിച്ചിട്ടില്ലെന്നു താനറിയുന്നത് എന്ന് അഫാൻ ജയിൽ ഉദ്യോഗസ്ഥരോടു പറഞ്ഞു.
കാര്യങ്ങൾ തിരക്കിയ ജയിൽ ഉദ്യോഗസ്ഥരോട് ഇയാൾ മനസ്സുതുറന്നു എന്നാണ് വിവരം. എൻ്റെ ഉമ്മ മരിച്ചുവെന്ന ധാരണയിലാണ് മറ്റുള്ളവരെയെല്ലാം കൊല്ലാൻ തീരുമാനിച്ചത്. പക്ഷേ, ഉമ്മ മരിച്ചിട്ടില്ലെന്ന വിവരം വേദനിപ്പിച്ചു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ ഉമ്മയും അനുജനും കാമുകിയുമായിരുന്നു’. സ്ഥിരമായി ബന്ധുക്കൾ ആക്ഷേപിക്കുമായിരുന്നുവെന്നും കൊല്ലുന്നതിനു മുൻപ് പെൺസുഹൃത്ത് ഫർസാനയോട് മറ്റു കൊലപാതകങ്ങൾ ചെയ്ത വിവരം പറഞ്ഞിരുന്നുവെന്നും പ്രതി ആവർത്തിച്ചു.
മൃഗീയമായ കൊലപാതകങ്ങളുടെ പശ്ചാത്താപമൊന്നുമില്ലാതെയായിരുന്നു അഫാൻ്റെ വിവരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പ്രതി ലഹരിയുപയോഗിക്കാറില്ലെന്നും മാനസിക പ്രശ്നങ്ങളില്ലെന്നുമുള്ള റിപ്പോർട്ട് ലഭിച്ച പശ്ചാത്തലത്തിൽ സാമ്പത്തിക ബാധ്യതതന്നെയാണ് കൊലയ്ക്കു കാരണമെന്നുറപ്പിച്ചാണ് പോലീസ് മുന്നോട്ടു പോകുന്നത്.