10 പേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറ ബസ് അപകടത്തിൽ തമിഴ്നാട് പൊലീസ് അന്തിമ കുറ്റപത്രം സമർപ്പിക്കാത്തത് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ഇൻഷുറൻസ് നഷ്ടപരിഹാര നടപടികൾ വൈകിപ്പിക്കുന്നു. ഏപ്രിൽ 17ന് വാൽപ്പാറയിലേക്കുള്ള യാത്രയ്ക്കിടെ 13-ാം ഹെയർപിൻ വളവിലാണ് അപകടമുണ്ടായത്. പൊള്ളാച്ചിക്ക് സമീപം കടമ്പാറൈ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അപകടത്തിൽ പാലൂർ സ്വദേശി അജിത (54), അധ്യാപകരായ തണ്ണിക്കോട് സ്വദേശി റംല (52), പാങ്ങ് ഈസ്റ്റ് സ്വദേശി സുഹറ (43), കോലത്തൂർ സ്വദേശി ആശ (41), പാങ്ങ് ജി.യു.പി സ്കൂൾ അധ്യാപിക ഷക്കീല (37), അബ്ദുൽ മജീദ് (43), ഭാര്യ റുഖിയ (39), സുഹറയുടെ 12 വയസ്സുള്ള മകൻ ഹിഷാം, പള്ളിപ്പറമ്പ് സ്വദേശി സ്കൂൾ പാചകക്കാരി സജിത (45), ബസ് ഡ്രൈവർ നൗഷാദലി (39) എന്നിവരാണ് മരിച്ചത്.
ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരുന്ന നാല് പേരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ വീതം ധനസഹായം നൽകിയിട്ടുണ്ട്. നൗഷാദലി, സജിത, റുഖിയ, ഹിഷാം എന്നിവരുടെ കുടുംബങ്ങൾക്കാണ് ഈ സഹായം ലഭിച്ചത്. അതേസമയം, തമിഴ്നാട്ടിലെ സർക്കാർ മാറ്റവും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമാണ് കുറ്റപത്രം വൈകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാൽ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും രക്ഷപ്പെട്ടവരുടെയും മൊഴി പോലും പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കുറ്റപത്രം സമർപ്പിക്കുന്നതിലെ കാലതാമസം നഷ്ടപരിഹാര നടപടികളെ ബാധിക്കുന്നതായും കുടുംബങ്ങൾ പറയുന്നു. അപകടം നടന്ന് ആറ് മാസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിക്കേണ്ടതാണെങ്കിലും സമയപരിധി അവസാനിക്കാൻ ഇനി രണ്ടാഴ്ചയോളം മാത്രമാണ് ശേഷിക്കുന്നത്.
അന്തിമ കുറ്റപത്രം ലഭിച്ചാൽ മാത്രമേ മരിച്ചവരുടെ കുടുംബങ്ങൾക്ക് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിച്ച് ഇൻഷുറൻസ് നഷ്ടപരിഹാര നടപടികൾ ആരംഭിക്കാനാകൂവെന്ന് കുറുവ പഞ്ചായത്ത് പ്രസിഡണ്ട് പാലത്തിങ്ങൽ സലാം പറഞ്ഞു. കുറ്റപത്രം വൈകുന്നതുമായി ബന്ധപ്പെട്ട് അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.