ജമ്മു-കശ്മീർ ജനതക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിൽ ഇസെഡ് മോർ തുരങ്കപാത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രധാനമന്ത്രിയെ സ്വാഗതംചെയ്ത മുഖ്യമന്ത്രി ഉമർ അബ്ദുള്ള, ജമ്മു-കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനായിരുന്നു പ്രധാനമന്ത്രിയുടെ പരോക്ഷ മറുപടി. കഴിഞ്ഞ സെപ്റ്റംബറിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈ വാഗ്ദാനം ഉടൻ നടപ്പാക്കുമെന്നാണ് താൻ വിശ്വസിക്കുന്നുവെന്ന് ഉമർ അബ്ദുള്ള പറഞ്ഞു.
എല്ലാ കാര്യങ്ങൾക്കും അതിൻ്റെ സമയമുണ്ടെന്നും ശരിയായ സമയത്ത് നടക്കുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. 15 ദിവസത്തിനിടെ ജമ്മു-കശ്മീരിലെ രണ്ടു സുപ്രധാന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തത് വലിയ ആദരമാണെന്ന് ഉമർ അബ്ദുള്ള പറഞ്ഞു.