വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വിൽപ്പന സംബന്ധിച്ച വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം യുഡിഎഫ് നേതൃത്വം ചർച്ച ചെയ്ത് എടുക്കുമെന്ന് അദ്ദേഹം നിയമസഭയിൽ അറിയിച്ചു.

സർക്കാർ നിലവിൽ തീരുമാനിച്ചിരിക്കുന്നത് നികുതി ഘടന മാത്രമാണെന്നും മദ്യവിൽപ്പന നടപ്പാക്കണോ എന്ന കാര്യത്തിൽ യുഡിഎഫിൻ്റെ രാഷ്ട്രീയ തീരുമാനമാണ് നിർണായകമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫ് അനുമതി നൽകിയാൽ നികുതി ഘടന പ്രാബല്യത്തിൽ വരും. മറിച്ച് മുന്നണി എതിർപ്പ് അറിയിച്ചാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത് മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്നും മുഖ്യമന്ത്രി സഭയിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഇപ്പോഴത്തെ വിവാദങ്ങൾക്ക് യുഡിഎഫിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന സൂചനയും അദ്ദേഹം നൽകി. ഇതിനിടെ, ബക്കാർഡി കമ്പനിക്ക് അനുകൂലമായാണ് സർക്കാർ നീങ്ങുന്നതെന്ന ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. ഇത്തരം ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രചാരണങ്ങളാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

Related Posts