അമേരിക്കയിലെ മിനിയാപോളിസിൽ 2 വിദ്യാർഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 23 കാരനായ റോബിൻ വെസ്റ്റ്മാൻ എന്ന ട്രാൻസ് വുമൻ ആണ് കാത്തലിക്ക് സ്കൂളിലെ വിദ്യാർത്ഥികൾക്ക് നേരേ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. പ്രാർഥനാ ചടങ്ങിനിടെയായിരുന്നു ആക്രമണം.
രണ്ട് വിദ്യാർഥികൾ വെടിവെപ്പിൽ കൊല്ലപ്പെടുകയും 17 വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ സ്കൂളിൻ്റെ പാർക്കിങ്ങിൽ ഇയാളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായും പ്രതി ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനമെന്നും റിപ്പോർട്ടുകളിലുണ്ട്.
പ്രതി റോബിൻ വെസ്റ്റ്മാന്റെ യുട്യൂബ് ചാനലിൽ നിന്ന് ചില സുപ്രധാന വിവരങ്ങളും ലഭ്യമായിട്ടുണ്ട്. ഇയാളുടെ കൈവശമുള്ള തോക്കുകളടക്കം പ്രദർശിപ്പിച്ചുള്ള വീഡിയോകളാണ് ഇയാൾ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുള്ളത്.
ഡോണാൾഡ് ട്രംപിനെ കൊല്ലുക എന്നും ഇന്ത്യയ്ക്ക് നേരേ അണുവായുധം പ്രയോഗിക്കുക എന്ന് അർഥം വരുന്ന ‘ന്യൂക്ക് ഇന്ത്യ’ എന്നും ഈ തോക്കുകളിൽ കൊത്തിവച്ചിരുന്നതായി ഈ വീഡിയോകളിൽ കാണാം. ‘ഇസ്രയേൽ തകരണം’, ‘ഇസ്രയേലിനെ ചാമ്പലാക്കണം’, ഡോണാൾഡ് ട്രംപിനെ ഇപ്പോൾ കൊല്ലണം’, എന്നീ വാക്കുകളും ഇയാളുടെ തോക്കുകളിൽ എഴുതിയിരുന്നു.
‘നിങ്ങളുടെ ദൈവം എവിടെ’, ‘കുട്ടികൾക്ക് വേണ്ടി’ എന്നിവയും ആയുധങ്ങളിൽ എഴുതിയിട്ടുണ്ട്. വെടിവെപ്പിന് പിന്നാലെ യൂട്യൂബ് പ്രതിയുടെ ചാനൽ നീക്കം ചെയ്തിട്ടുണ്ട്. ആകെ രണ്ട് വീഡിയോകളാണ് പ്രതിയുടെ യൂട്യൂബ് ചാനലിലുണ്ടായിരുന്നത്. ഈ വീഡിയോകളിലാണ് തോക്കുകളും വെടിക്കോപ്പുകളും പ്രതി പ്രദർശിപ്പിച്ചിരുന്നത്. ഒരു വീഡിയോയിൽ ഒരു ചെറിയ തോക്ക് കൈയിലെടുത്ത് ആവശ്യം വന്നാൽ ഇത് തനിക്കുള്ളതാണെന്ന് പ്രതി പറയുന്നതും ഉണ്ട്.