യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യക്കുമേൽ ചുമത്തുമെന്ന് പ്രഖ്യാപിച്ച 25 ശതമാനം പിഴച്ചുങ്കം ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരും. തിങ്കളാഴ്ച യുഎസ് ആഭ്യന്തരസുരക്ഷാമന്ത്രാലയം ഇതുസംബന്ധിച്ച കരടുവിജ്ഞാപനമിറക്കി. നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം ഇതും ചേരുമ്പോൾ ഇന്ത്യയിൽ നിന്ന് യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമാകും. ബുധനാഴ്ച യുഎസ് സമയം അർധരാത്രി 12.01-നുശേഷം (ഇന്ത്യൻസമയം പകൽ 9) അവിടത്തെ വിപണിയിലെത്തുന്നതും സംഭരണശാലകളിൽനിന്ന് യുഎസ് വിപണികളിലേക്ക് പുറപ്പെടുന്നതുമായ ഇന്ത്യൻ ചരക്കുകൾക്ക് പിഴച്ചുങ്കം ബാധകമാകും.
ഈ മാസം 7 നാണ് റഷ്യയിൽനിന്ന് എണ്ണയും പടക്കോപ്പുകളും വാങ്ങി യുക്രൈൻ യുദ്ധത്തിനു സഹായം ചെയ്യുന്നെന്നാരോപിച്ച് ഇന്ത്യക്ക് ട്രംപ് 25 ശതമാനം പിഴച്ചുങ്കം പ്രഖ്യാപിച്ചത്. റഷ്യൻ എണ്ണയുടെ കാര്യത്തിൽ നീക്കുപോക്കുണ്ടാക്കി യുഎസുമായി കരാറുണ്ടാക്കുന്നതിനായി 21 ദിവസത്തെ സമയം അനുവദിച്ചിരുന്നത് ചൊവ്വാഴ്ച അവസാനിച്ചു. ഇന്ത്യയുടെ വിതരണശൃംഖലയെയും കയറ്റുമതിമേഖലയെയും യുഎസിൻ്റെ 50 ശതമാനം തീരുവ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയെക്കൂടാതെ ബ്രസീലിനും യുഎസ് 50 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്.