ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവെ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ ഇറാൻ അമേരിക്കയ്ക്ക് വലിയൊരു ‘സമ്മാനം’ നൽകിയതായും ട്രംപ് കൂട്ടിച്ചേർത്തു. ഇതു ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ട്രംപ് സൂചിപ്പിച്ചു. എന്നാൽ ആ സമ്മാനം എന്താണെന്ന് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയില്ല.
‘ശരിക്കും അത്ഭുതകരമായിരുന്നു അവർ ചെയ്തത്. ഞങ്ങൾക്ക് അവർ ഒരു സമ്മാനം തന്നു. വലിയൊരു തുക വിലമതിക്കുന്ന വളരെ വലിയ സമ്മാനമായിരുന്നു അത്. ആ സമ്മാനം എന്താണെന്ന് ഞാൻ നിങ്ങളോട് ഇപ്പോൾ പറയുന്നില്ല. പക്ഷേ അത് വളരെ പ്രധാനപ്പെട്ട ഒരു സമ്മാനമായിരുന്നു’- ട്രംപ് വ്യക്തമാക്കി.