കെഎസ്ആർടിസി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. . കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയും കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടി സി ബസുമാണ് കൂടിയിടിച്ചത്. കണ്ടക്ടറും ബസ് ഡ്രൈവറും ഉൾപ്പടെ 12 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്. 3 പേരുടെ പരിക്ക് ഗുരുതരമാണ്.
തൃശൂർ പന്നിത്തടത്ത് വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി 2 കടകളും തകർന്നു. കെഎസ്ആർടിസി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബസ് ഡ്രൈവർ രാജേഷ്, കണ്ടക്ടർ ഷൈജു അബ്രഹാം, യാത്രക്കാരായ സജീവ്, സന്തോഷ്, ഷമീർ, ഷീന സതീഷ്, എൽസൺ, ലിജി ലോറി ഡ്രൈവർ രാധാകൃഷ്ണൻ തുടങ്ങിയവർക്കാണ് പരിക്കേറ്റത്.
കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെത്തുടർന്ന് 3 പേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ കെഎസ്ആർടിസി ബസിൻ്റേയും മീൻലോറിയുടേയും മുൻവശം പൂർണമായും തകർന്നു.