ഒമാനില്‍ ടാങ്കറിന് നേരെ യുഎസ് നടത്തിയ ആക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി റോയിട്ടേയ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പലിലെ ക്രൂ അംഗങ്ങളില്‍ 24 പേരും ഇന്ത്യക്കാരായിരുന്നു. ഒമാന്‍ നേവി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിൽ മറ്റ് 21 ഇന്ത്യന്‍ ജീവനക്കാരെയും രക്ഷപ്പെടുത്തി. പലാവു പതാക വഹിക്കുന്ന MT സെറ്റബെല്ലോ എന്ന കപ്പലിന് നേരായാണ് യുഎസ് ആക്രമണം ഉണ്ടായത്. തങ്ങളുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ഇറാനില്‍ നിന്നും എണ്ണയുമായി വന്ന കപ്പിലിനെ ലക്ഷ്യമിട്ട് സൈന്യം ആക്രമണം നടത്തിയെന്ന് യുഎസ് പ്രതികരിച്ചിരുന്നു.
ഡെക്ക് കേഡറ്റ് ആദിത്യ ശര്‍മ, എഞ്ചിന് ഫിറ്റര്‍ ശിവാനന്ദ് ശൗരസ്യ, ചീഫ് എന്‍ജിനീയര്‍ പട്നാല സുരേഷ് എന്നിവരാണ് മരിച്ചത്. ഒമാന്‍ തുറമുഖമായ സോഹറില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍ വടക്ക് കിഴക്കായി അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് കപ്പൽ ആക്രമിക്കപ്പെട്ടത്.