യുണൈറ്റഡ് മലയാളി ഫെഡറേഷനും (UMF) ലയൺസ് ക്ലബ്ബും സംയുക്തമായി യെലഹങ്ക ന്യൂ ടൗണിലെ ശേഷാദ്രിപുരം ഫസ്റ്റ് ഗ്രേഡ് കോളേജിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 1992 മുതൽ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിലാണ് വിദ്യാർഥികൾക്കായി പരിപാടി നടന്നത്.
യുണൈറ്റഡ് മലയാളി ഫെഡറേഷൻ പ്രസിഡണ്ട് അഡ്വ. അനിൽ തോമസ് ലഹരിയുമായി ബന്ധപ്പെട്ട നിയമങ്ങൾ, ലഹരി ഉപയോഗവും വിതരണവും നടത്തിയാൽ നേരിടേണ്ടി വരുന്ന നിയമനടപടികൾ, ലഹരി ഉപയോഗത്തിൻ്റെ വിവിധ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികൾക്ക് വിശദീകരിച്ചു.
യുണൈറ്റഡ് മലയാളി ഫെഡറേഷൻ വൈസ് പ്രസിഡണ്ട് ജ്യോതി പ്രകാശ് വിദ്യാർഥികളുമായി സംവദിച്ചു. കുട്ടികൾ ലഹരിയിലേക്ക് എത്തിപ്പെടാനുള്ള സാഹചര്യങ്ങൾ, ലഹരിയിൽ നിന്ന് എങ്ങനെ അകന്നുനിൽക്കാം, ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക, സാമൂഹിക പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങളും ക്ലാസിൽ ചർച്ച ചെയ്തു. വിദ്യാർഥികളുടെ സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.
ഗുജറാത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് മുൻ ഡയറക്ടറും വിരമിച്ച മുതിർന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായ ടി.ആർ. പ്രസാദ് പരിപാടിയിൽ സന്നിഹിതനായിരുന്നു. യുണൈറ്റഡ് മലയാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ജാഷിർ പൊന്ന്യവും പരിപാടിയിൽ പങ്കെടുത്തു.
പുതുതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് യുണൈറ്റഡ് മലയാളി ഫെഡറേഷൻ ലക്ഷ്യമിടുന്നത്. ഓരോ മാസവും കുറഞ്ഞത് രണ്ട് സ്കൂൾ-കോളേജുകളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും സംഘടന പദ്ധതിയിടുന്നുണ്ട്.