വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണത്തിന് നവംബർ അഞ്ചിന് തുടക്കമാകും. 10,000 മുതൽ 15,000 കോടിയോളം രൂപവരെയാണ് നിർമാണം നടത്തുന്ന അദാനി പോർട്ട് മുടക്കുക. രണ്ടുമുതൽ നാലുവരെ ഘട്ടം ഒന്നിച്ചാണ് നടപ്പാക്കുക. 2028 ഡിസംബറിനകം പൂർത്തീകരിക്കും. ഇതോടെ വിഴിഞ്ഞം ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ സ്ഥാപിതശേഷിയുള്ള തുറമുഖമാകും. ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാർ നേരിട്ട് പണം മുടക്കേണ്ടതില്ല.
660 മീറ്റർ വീതമുള്ള മൾട്ടിപർപ്പസ് ബെർത്ത് നിർമാണം, കടൽ നികത്തി 77.17 ഹെക്ടർ ഭൂമി സൃഷ്ടിക്കൽ, 1200 മീറ്റർ ബെർത്തിൻ്റെ നിർമാണവും ക്രെയിനുകളും സ്ഥാപിക്കൽ, ഒരുകിലോമീറ്റർ പുലിമുട്ട് നിർമ്മാണം, കണ്ടയ്നർ യാർഡിൻ്റെയും അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബെർത്തുകളുടെ (പുലിമുട്ടിനോടനുബന്ധിച്ച്) നിർമാണം, ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം. എന്നിവയാണ് രണ്ടാംഘട്ടത്തിലുള്ളത്. ഇത് പൂർത്തിയാകുന്നതോടെ സ്ഥാപിതശേഷി വർഷം 40 ലക്ഷം കണ്ടെയ്നറാകും.