വൈദ്യുതി കരാറിനെച്ചൊല്ലി മുഖ്യമന്ത്രി വി ഡി സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും തമ്മിലുള്ള ഭിന്നത പരസ്യപ്പോരിലേക്ക്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ് ഇരുവരുടെയും പ്രതികരണങ്ങൾ. തീരുമാനങ്ങൾ തൻ്റെ അറിവോടെയല്ല നടന്നതെന്ന മന്ത്രിയുടെ നിലപാടിനെ തള്ളിയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന വാദം ഉയർത്തിയാണ് സണ്ണി ജോസഫ് കരാറുമായി ബന്ധപ്പെട്ട അതൃപ്തി പരസ്യമാക്കിയത്. വൈദ്യുതി പ്രതിസന്ധിയില്ലെന്ന് പറയുന്നത് ജിഎൻഎ കരാർ ഒഴിവാക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണെന്നും മന്ത്രി വിമർശിച്ചു. കരാർ വേണ്ടെന്ന് വെക്കുന്നതിൻ്റെ കാരണം അറിയില്ലെന്ന മന്ത്രിയുടെ പ്രതികരണം വകുപ്പിലെ തീരുമാനങ്ങളിൽ അദ്ദേഹത്തിന് വേണ്ടത്ര പങ്കാളിത്തം ലഭിച്ചില്ലെന്ന ആരോപണത്തിന് ശക്തിപകരുന്നു.

പവർ സെക്രട്ടറി, വൈദ്യുതി ബോർഡ് ചെയർമാൻ എന്നിവർ മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തി തീരുമാനങ്ങളെടുത്തുവെന്നും തന്നെ വിശ്വാസത്തിലെടുത്തില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്. എന്നാൽ, മന്ത്രിയെ അറിയിച്ച ശേഷമാണ് നടപടികൾ ഉണ്ടായതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വൈദ്യുതി ബോർഡ് സമർപ്പിച്ച ഫയൽ മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയതാണെന്നും തീരുമാനത്തിന് ശേഷം തിരികെ ലഭിച്ച ഫയൽ മന്ത്രി തന്നെ ബോർഡിന് കൈമാറിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ മന്ത്രിയുടെ വാദത്തെ പരസ്യമായി തള്ളുന്ന നിലപാടിലേക്കാണ് മുഖ്യമന്ത്രി കടന്നത്.

കരാറിൽ ഒപ്പിടാൻ ഇപ്പോൾ സമ്മർദം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. ഇതോടെ വൈദ്യുതി കരാറിലെ തർക്കം ഭരണതലത്തിലെ വലിയ രാഷ്ട്രീയ വിവാദമായി മാറുകയാണ്.

യുഡിഎഫ് കൺവീനർ മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളെയും സർക്കാരിലെ കൂട്ടുത്തരവാദിത്തമില്ലായ്മയെയും വിമർശിച്ചതിന് പിന്നാലെയാണ് പുതിയ വിവാദം. കെപിസിസി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫ് തന്നെ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തിയത് രാഷ്ട്രീയമായി ശ്രദ്ധേയമാണ്.

അടൂർ പ്രകാശ് വിഷയത്തിൽ യുഡിഎഫിനുള്ളിലെ ഭിന്നത രൂക്ഷമായപ്പോൾ പരസ്യമായ വിഴുപ്പലക്കൽ ഒഴിവാക്കണമെന്ന് നിർദേശിച്ച നേതാവാണ് സണ്ണി ജോസഫ്. എന്നാൽ ഇപ്പോൾ അദ്ദേഹം തന്നെ ആ നിലപാടിൽനിന്ന് വ്യത്യസ്തമായി പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

അടൂർ പ്രകാശ് ഉയർത്തിയ വിമർശനങ്ങൾ ഹൈക്കമാൻഡിൻ്റെ പരിഗണനയിലിരിക്കെയാണ് പുതിയ തർക്കവും ഉടലെടുത്തിരിക്കുന്നത്. യുഡിഎഫ് യോഗത്തിൻ്റെ തീയതി താൻ അറിയിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും വിവാദത്തിന് കൂടുതൽ ചൂടുപകർന്നു.

Related Posts