അമേരിക്ക പ്രഖ്യാപിച്ച ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങള്‍ക്കെതിരെയുള്ള പകര ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തിൽ. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയ്ക്കാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നത്. 104 ശതമാനം തീരുവ ചൈനയ്ക്ക് മേല്‍ ചുമത്തി കടുത്ത നടപടിയുമായി ട്രംപ്. ആരും വ്യാപാര യുദ്ധത്തില്‍ വിജയിക്കില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് തുറന്നടിച്ചു.

വീണ്ടും അമേരിക്കന്‍ വിപണികളില്‍ ഇടിവ് രേഖപ്പെടുത്തി. തൻ്റെ തീരുവ പ്രഖ്യാപനം അമേരിക്കയുടെ പുരോഗതിക്ക് മുതല്‍ക്കൂട്ടെന്ന് ട്രംപ് പറഞ്ഞു. 70 രാജ്യങ്ങള്‍ ചര്‍ച്ചകള്‍ക്കായി സമീപിച്ചതായും ട്രംപ് വ്യക്തമാക്കി. ട്രംപിനോട് തീരുമാനം പിന്‍വലിക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു. ഇന്നലെയാണ് ചൈനയ്ക്ക് മേല്‍ ട്രംപ് അധിക തീരുവ ഏര്‍പ്പെടുത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം ലെവി ചൈന പ്രഖ്യാപിച്ചിരുന്നു.

ഇതിനു മറുപടിയായി, ”താരിഫ് ബ്ലാക്ക്മെയിലിംഗ്” കണ്ട് ഭയപ്പെടില്ലെന്നും യുഎസ് അടിസ്ഥാനരഹിതമായ കാരണങ്ങളാല്‍ താരിഫ് ചുമത്തിയതാണെന്നും ചൈന പറഞ്ഞു. 34 ശതമാനം യുഎസ് ഇറക്കുമതിക്ക് പരസ്പര താരിഫ് ഏര്‍പ്പെടുത്തിയ പ്രഖ്യാപനം പിന്‍വലിക്കാന്‍ ചൈനയ്ക്ക് ഒരു ദിവസത്തെ സമയം നല്‍കിയ ട്രംപ്, ഏപ്രില്‍ 9 മുതല്‍ സമയപരിധി പാലിച്ചില്ലെങ്കില്‍ അധിക 50% താരിഫ് ബാധകമാകുമെന്ന് പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുവ കൂട്ടിയ തീരുമാനം.  

Related Posts