ഇന്ത്യയുടെ തദ്ദേശീയ നാവിഗേഷൻ സംവിധാനമായ ‘നാവിക്’ (NavIC) കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള എൻ.വി.എസ്-03 ഉപഗ്രഹം ഐ.എസ്.ആർ.ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ജി.എസ്.എൽ.വി-എഫ്18 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
വിക്ഷേപണത്തിനു പിന്നാലെ ഉപഗ്രഹം ലക്ഷ്യമിട്ട ഭ്രമണപഥത്തിലെത്തി. നാവിഗേഷൻ സേവനങ്ങളുടെ കൃത്യതയും വിശ്വാസ്യതയും മെച്ചപ്പെടുത്താൻ പുതിയ ഉപഗ്രഹം സഹായിക്കും. ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ നാവിക് വഴി സ്ഥാനനിർണയം, ദിശാനിർണയം, കൃത്യമായ സമയവിവരങ്ങൾ എന്നിവ ലഭ്യമാക്കാനാകും. പുതിയ തലമുറ ഉപഗ്രഹത്തിൽ തദ്ദേശീയമായി വികസിപ്പിച്ച ആറ്റമിക് ക്ലോക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ നാവിക് സേവനങ്ങളുടെ ഉപയോഗം മെച്ചപ്പെടുത്താനും എൻ.വി.എസ്-03 സഹായകമാകുമെന്നാണ് പ്രതീക്ഷ. പ്രതിരോധം, റെയിൽ- റോഡ്-വ്യോമ ഗതാഗതം, ദുരന്തനിവാരണം, ടെലികോം തുടങ്ങി വിവിധ മേഖലകളിൽ ഉപഗ്രഹം സഹായകമാകും.