ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ശശി തരൂർ കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലാണെന്ന വാർത്തകൾക്കിടെയാണ് ഈ കൂടിക്കാഴ്ച. പാർലമെന്റിലെ ഖാർഗെയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. 2 മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുവെന്നാണ് വിവരം.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് അദ്ദേഹം പ്രതികരിച്ചു. പറയാനുള്ളത് രണ്ടുഭാഗത്തും പറഞ്ഞു കഴിഞ്ഞു. ഒരുമിച്ച് മുന്നോട്ടുപോകും. പറയാനുണ്ടായിരുന്നത് മൂന്ന് പേരും ഒരുമിച്ചിരുന്ന് നല്ല രീതിയിൽ സംസാരിച്ചു. കേരളത്തിൽ പ്രചാരണത്തിനിറങ്ങുമെന്നും പ്രവർത്തിക്കാൻ കുറച്ചുകൂടി ഇടം വേണം, അത് കേരളത്തിലായാൽ അത്രയും നല്ലത് എന്ന നിലപാടിലാണെന്നും തരൂർ കൂടിക്കാഴ്ചയിൽ പങ്കുവെച്ചു.