കഴിഞ്ഞ 25 വർഷത്തെ ഭരണനേതൃത്വം ജനങ്ങളുടെ നിരന്തരമായ പിന്തുണയും അനുഗ്രഹവും കൊണ്ടാണ് സാധ്യമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വികസിത് ഭാരത് സങ്കൽപ് സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ രാഷ്ട്രീയ യാത്രയിൽ പിന്തുണച്ചവർക്കും വിമർശിച്ചവർക്കും മോദി നന്ദി അറിയിച്ചു. തന്നെ എതിർത്തവർ ജനാധിപത്യത്തിൻ്റെ ശക്തി കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചെന്നും വിമർശകർ സ്വയം വിലയിരുത്താൻ പഠിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾ നൽകിയ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദിയുണ്ടെന്നും മോദി വ്യക്തമാക്കി.
25 വർഷം പിന്നിട്ടിട്ടും താൻ സ്വയം ഒരു വിദ്യാർഥിയായാണ് കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ പഠിക്കുകയും പുതിയ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തിനായി കൂടുതൽ പ്രവർത്തിക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കാൽനൂറ്റാണ്ടിൻ്റെ യാത്ര ഓർമകൾ പുതുക്കാനുള്ള അവസരം മാത്രമല്ലെന്നും പുതിയ പ്രതിജ്ഞകൾക്ക് ഊർജം പകരാനുള്ള ഘട്ടമാണെന്നും മോദി പറഞ്ഞു.
രാജ്യത്തിൻ്റെ വികസനത്തിൽ ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിനാണ് ഏറ്റവും വലിയ പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി. എൻഡിഎ സഖ്യത്തിലെ എല്ലാ പാർട്ടികൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
2047ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുകയാണ് രാജ്യത്തിൻ്റെ പ്രധാന ദൗത്യമെന്ന് മോദി പറഞ്ഞു. സാമ്പത്തിക വളർച്ചയ്ക്കൊപ്പം സ്വയംപര്യാപ്തത, സാങ്കേതികവിദ്യ, ഉൽപ്പാദനം, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളിലും ഇന്ത്യയുടെ സ്വന്തം ശക്തി കൂടുതൽ ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 25 വർഷത്തെ യാത്രയെ വ്യക്തിപരമായ നേട്ടമായി കാണാതെ രാജ്യത്തിനായുള്ള തുടർപ്രവർത്തനങ്ങൾക്ക് പുതിയ ഊർജം നൽകുന്ന ഘട്ടമായാണ് കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.