ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ദീർഘകാല പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന സബർബൻ റെയിൽവേ പദ്ധതിയുടെ ആദ്യ ട്രെയിൻ 2027 നവംബറോടെ എത്തും. ഐടി മേഖലയിലെ ജീവനക്കാരും വിദ്യാർഥികളും ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് യാത്രക്കാർക്ക് വേഗത്തിലും ചെലവ് കുറഞ്ഞും യാത്ര ചെയ്യാനുള്ള സൗകര്യമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) സബർബൻ റെയിൽ പദ്ധതിക്കായുള്ള കോച്ചുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ആദ്യ ട്രെയിൻ സെറ്റുകൾ ലഭിച്ച ശേഷം പരീക്ഷണ ഓട്ടങ്ങൾ ആരംഭിച്ച് 2028 ഡിസംബറോടെ ആദ്യ പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് ബി-റൈഡിൻ്റെ പദ്ധതി. ആദ്യഘട്ടത്തിൽ മൂന്ന് കോച്ചുകളുള്ള ട്രെയിനുകളാകും സർവീസിന് ഉപയോഗിക്കുക. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ആറും ഒൻപതും കോച്ചുകളുള്ള ട്രെയിനുകളും ഉൾപ്പെടുത്തും. തിരക്കേറിയ സമയങ്ങളിൽ അഞ്ച് മിനിറ്റ് ഇടവേളയിൽ സർവീസ് നടത്താനാണ് ലക്ഷ്യം.
ട്രാഫിക് കുരുക്കും ഉയർന്ന ടാക്സി നിരക്കുകളും മൂലം ബുദ്ധിമുട്ടുന്ന നഗരവാസികൾക്ക് കൃത്യസമയത്തുള്ള യാത്രയും മെച്ചപ്പെട്ട സുരക്ഷയും ഉറപ്പാക്കുന്ന സബർബൻ റെയിൽ പദ്ധതി ബെംഗളൂരുവിലെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.