ബാലവേല കണ്ടെത്തി തടയുന്നതിനായി ബെംഗളൂരു സിറ്റി പൊലീസിൻ്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധനാ ഡ്രൈവ് ആരംഭിച്ചു. പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ്യുടെ നിർദേശപ്രകാരം കിഴക്കൻ, വടക്കുകിഴക്കൻ ഡിവിഷനുകളിലാണ് ശനിയാഴ്ച വ്യാപക പരിശോധന നടത്തിയത്.
കുട്ടികളെ ജോലിക്കെടുക്കാൻ സാധ്യതയുള്ള സ്ഥാപനങ്ങളും സ്ഥലങ്ങളും കേന്ദ്രീകരിച്ച് കിഴക്കൻ ഡിവിഷനിൽ ഏകദേശം 85 സംഘങ്ങളെ വിന്യസിച്ചു. എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും ഗോഡൗണുകൾ, മാർക്കറ്റുകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, ബേക്കറികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ, നിർമാണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
തൊഴിലാളികളുടെ പ്രായവും തൊഴിൽ സംബന്ധിച്ച വിവരങ്ങളും പരിശോധിച്ച പൊലീസ്, ബാലവേലയിൽ ഏർപ്പെട്ടതായി കണ്ടെത്തിയ കുട്ടികളെ രക്ഷപ്പെടുത്തി. കിഴക്കൻ ഡിവിഷനിൽ മാത്രം 917 സ്ഥലങ്ങളിൽ പരിശോധന നടത്തി 71 കുട്ടികളെ രക്ഷപ്പെടുത്തി.
അതേസമയം, വടക്കുകിഴക്കൻ ഡിവിഷനിൽ ഗാരേജുകൾ, മാർട്ടുകൾ, റിപ്പയർ ഷോപ്പുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ ഉൾപ്പെടെ 295ഓളം സ്ഥലങ്ങളിൽ പരിശോധന നടത്തി. ഇവിടെ നിന്ന് 43 കുട്ടികളെയും രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
ഇരു ഡിവിഷനുകളിലുമായി നടത്തിയ പ്രത്യേക ഡ്രൈവിൽ ആകെ 114 കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. സംഭവങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ബാലവേലയിൽ കുട്ടികളെ ഏർപ്പെടുത്തിയതായി കണ്ടെത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ബാലവേല പൂർണമായും ഇല്ലാതാക്കാൻ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും, ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളെ കണ്ടെത്തി രക്ഷപ്പെടുത്തി പുനരധിവസിപ്പിക്കുകയാണ് പ്രത്യേക ഡ്രൈവിൻ്റെ പ്രധാന ലക്ഷ്യമെന്നും പൊലീസ് അറിയിച്ചു.