പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.
നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും വിദ്യാഭ്യാസ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ജൂൺ 27-നകം സർക്കാർ അനുകൂല നടപടി സ്വീകരിക്കാത്ത പക്ഷം നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് വാങ്ചുക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് വാങ്ചുക് സമരവേദിയിലെത്തുന്നത്.
പരീക്ഷാ നടത്തിപ്പിൽ പൂർണ സുതാര്യത ഉറപ്പാക്കുക, വിശ്വാസ്യതയുള്ള പരീക്ഷാ സംവിധാനം നടപ്പാക്കുക, നീറ്റ് ക്രമക്കേടുകൾ മൂലം ദുരിതമനുഭവിച്ച വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവയ്ക്കുന്നത്.