ഭർത്താവിനെ ഹണിമൂണിനിടെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സോനം രഘുവംശി പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തിയതായി റിപ്പോർട്ട്. മേഘാലയ പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് സോനം കുറ്റം സമ്മതിച്ചത്. ഭർത്താവ് രാജാ രഘുവംശിയെ കാമുകനായ രാജ് കുശ്വാഹയ്ക്കൊപ്പം ചേർന്ന് കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതിലും തനിക്ക് പങ്കുണ്ടെന്നും യുവതി പോലീസിനോട് സമ്മതിച്ചു.

മേഘാലയയിൽ വെച്ച് ഇന്ദോർ സ്വദേശിയായ രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സോനം രഘുവംശിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഉത്തർപ്രദേശിൽ നിന്നാണ് കൃത്യം നടത്തിയശേഷം മുങ്ങിയ യുവതിയെ പോലീസ് പിടികൂടിയത്. എന്നാൽ, പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചിരുന്നില്ല. കവർച്ചാശ്രമത്തിനിടെ തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി.

പിന്നീട് യുവതിയെ ഷില്ലോങ്ങിൽ എത്തിച്ചെങ്കിലും ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് ഷില്ലോങ് വരെയുള്ള 27 മണിക്കൂർ നീണ്ട യാത്രയ്ക്കിടെ ഒരക്ഷരം പോലും യുവതി മിണ്ടിയില്ല. മേഘാലയ പോലീസിന്‍റെ പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യം ചെയ്യലിലും കവർച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പ്രതി ആവർത്തിച്ചത്. പക്ഷേ, പോലീസ് സംഘം തെളിവുകൾ നിരത്തി ചോദ്യം ചെയ്യൽ തുടർന്നതോടെ സോനത്തിന് പിടിച്ചുനിൽക്കാനായില്ല. തുടർന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ഭർത്താവിനെ കൊലപ്പെടുത്തിയത് ഏറ്റുപറഞ്ഞു.

Related Posts