ശുഭാംഷു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി. ISRO ചെയർമാൻ വി. നാരായണൻ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് എന്നിവർ ചേർന്നാണ് ശുഭാംഷുവിനെ സ്വീകരിച്ചത്. നാട്ടിലേക്ക് കുടുംബത്തോടൊപ്പം പോകുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്ത ആദ്യത്തെ ഇന്ത്യക്കാരനാണ് ശുഭാംഷു ശുക്ല. ആക്സിയം- 4 ദൗത്യത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി യുഎസിലായിരുന്നു ശുഭാംഷു. ദൗത്യം പൂർത്തിയാക്കിയ ശേഷമുള്ള ബഹിരാകാശ യാത്രികന്‍റെ ആദ്യ മടങ്ങിവരവാണിത്.
ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന് ശുഭാംഷുവിന്‍റെ യാത്ര സഹായകരമാകുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ചെങ്കോട്ടയിൽ കഴിഞ്ഞ ദിവസം നടന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ സ്വന്തമായി ബഹിരാകാശ നിലയം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.