ലേഖനം – അനിത പ്രേംകുമാർ
അതി മനോഹരമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മ പുതുക്കല്‍ ആയിട്ടാണ് നമ്മള് ഓണം ആഘോഷിക്കുന്നത്. കള്ളവും ചതിയും വഞ്ചനയും ഒന്നുമില്ലാത്ത സമത്വത്തിൻ്റെ, സാഹോദര്യത്തിൻ്റെ കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍. ഒരു പക്ഷെ അതൊക്കെ കഥകള്‍ ആവാം. സങ്കല്‍പ്പങ്ങള്‍ ആവാം. എന്തോ ആവട്ടെ.
ഇനി കഥ ആയാല്‍ തന്നെ, കഥയില്‍ ഒരു ചോദ്യം വരുന്നുണ്ട്. അത്രയും നല്ല രാജാവിനു എങ്ങിനെ അങ്ങിനെ ആ ഒരു അപകടം വന്നു എന്നത്.
നമ്മള് എത്ര നല്ല പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴും അതില്‍ അഹങ്കാരം വന്നുപോവരുത്. അത് ആപത്തായി മാറും. അത് ദാനം ആയാലും. താന്‍ വലിയ ദാനശീലന് ആണ് എന്ന് അഭിമാനിച്ചും അതില്‍ അഹങ്കരിച്ചും പോയാല്‍ അത് വലിയ ആപത്തിലേക്ക് നയിക്കും.
ദാനം ചെയ്യാന്‍ പോലും എന്താണ് നമ്മള് വരുമ്പോള്‍ കൊണ്ട് വരുന്നത്? യാതൊന്നും കൊണ്ട് വരുന്നും ഇല്ല, തിരിച്ചു പോകുമ്പോള്‍ കൊണ്ട്പോകുന്നും ഇല്ല. കുറച്ചുനാള്‍ ഇവിടത്തെ വിഭവങ്ങള്‍ അനുഭവിച്ചു ജീവിക്കുന്നു.
മനുഷ്യന് മാത്രം കൈയ്യൂക്കു പോലെയോ കര്‍മ്മങ്ങള്‍ പോലെയോ എല്ലാവര്ക്കും വേണ്ടതിൻ്റെ കുറെ ഭാഗം എൻ്റെത് എന്നും പറഞ്ഞു കൈയ്യടക്കി വയ്ക്കുന്നു. എന്നിട്ട് അത് ദാനം ചെയ്യുന്നു. അതില്‍ അഹങ്കരിക്കുന്നു.
പൊട്ടത്തരം അല്ലെ അതും! എന്തായാലും നമുക്ക് ഇനി അതുപോലുള്ള മനോഹരമായ ഒരു കാലം വീണ്ടും സൃഷ്ടിക്കാന്‍ കഴിയുമോ? കഴിയുമെങ്കിൽ എന്താണ് അതിനു വേണ്ടത്?
ലോകം മാറാന്‍ മറ്റുള്ളവരെ മാറ്റാന്‍ ശ്രമിക്കരുത്. അവനവന് സ്വയം മാറുക. അവനവനോട് സത്യസന്ധന് ആവുക. കഴിയുന്നതും സത്യം പറയാന്‍ ശ്രമിക്കുക. ആരോടും വെറുപ്പ് സൂക്ഷിക്കാതെ ഇരിക്കുക. അതേപോലെ അമിതമായ അറ്റാച്ച്മെന്റ് ആരോടും ഒന്നിനോടും വയ്ക്കാതെ ഇരിക്കുക.. രണ്ടും നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കും.
ഒപ്പം ഇന്ന് ഏറ്റവും കൂടുതല്‍ ലഭ്യത കുറഞ്ഞ ഒന്ന് സ്നേഹമാണ്. എത്ര പണം കൊടുത്താലും ഒരു മാര്‍ക്കറ്റില്‍ നിന്നും വാങ്ങിക്കാന്‍ കിട്ടാത്തതും അതാണ്. പ്രാണവായുവും കുടിവെള്ളവും പോലും കിട്ടും. നിഷ്കാമമായ സ്നേഹം കിട്ടില്ല.
നമുക്കത് പരസ്പരം സ്നേഹം പകര്‍ന്നു നല്‍കാം.. സമൂഹത്തിലേക്കും പകരാം… കൂടെയുള്ള ആളിൻ്റെ കണ്ണ് നിറയുന്നത് എന്തിനായിരിക്കും എന്നത് അവര്‍ പറയാതെ അറിയാന്‍ ഉള്ള കഴിവ് ആര്‍ജ്ജിക്കാന്‍ ശ്രമിക്കാം.അതിലൂടെ പരസ്പരം താങ്ങാവാം. അമൂല്യമായ ആ വസ്തു നമ്മളില്‍ ഉണ്ട് എന്ന് അറിയുമ്പോള്‍ ലോകം നമ്മളിലേക്ക് വരും. പതുക്കെ എങ്കിലും.
സ്നേഹം ദൈവീകമായ ഒരു വികാരമാണ്. നമ്മളെ പരസ്പരം ചേര്‍ത്ത് നിര്‍ത്തുന്നതും അതാണല്ലോ. മാവേലി നാട് പുനഃസൃഷ്ടിക്കാനും അതൊന്നു മാത്രം മതി. ഇതിനിടയില്‍ മറന്നുപോകരുതാത്ത ഒരു കാര്യം, സ്വയം പര്യാപ്തമാവുക. അവനവന്റെ സന്തോഷം, ധൈര്യം, മനസമാധാനം, ഒക്കെ അവനവനില്‍ കണ്ടെത്തുക. എല്ലാ അര്‍ത്ഥത്തിലും. ജീവിത വിജയം നമ്മളെ തേടി വരും.
ഈ ലോകത്തിലെ ഏറ്റവും മനോഹരമായ ബന്ധം ഏതാണ് എന്ന് ചോദിച്ചാല്‍ അത് സൗഹൃദം ആണത്രേ. എത്ര കിട്ടിയാലും മതിയാവത്തത്. യാതൊരു ബാധ്യതകളും ഇല്ലാത്തത്. ഏതു ബന്ധങ്ങളിലും സൗഹൃദം കൂടി ചേര്‍ന്ന് കിട്ടിയാല്‍ അത് ഏറെ മനോഹരമാകും. ദാമ്പത്യത്തിൽ പോലും!
നേർത്തു നേർത്ത് ഒരു വെള്ളിഅരഞ്ഞാണം പോലെ ഒഴുകുന്ന നീർച്ചാൽ ആയാലും മറുകര കാണാത്തത്ര വിശാലമായി പരന്നൊഴുകുന്ന പുഴ ആയാലും അതിനൊരു താളമുണ്ട്. പ്രകൃതി നിശ്ചയിച്ച താളം. ഒഴുകുന്നത് എപ്പോഴും മുകളിൽ നിന്നും താഴേയ്ക്കുമാണ്.
ജീവിതവും അങ്ങനെ തന്നെയാണ്. ആ താളത്തിനൊത്ത് ഒഴുകിയാൽ വളരെ എളുപ്പം. എന്നിട്ടും പലപ്പോഴും നമ്മുടെ ശ്രമം നേരെ എതിർ ദിശയിലേക്ക് ഒഴുകാനാണ്. ആ ശ്രമം നമ്മുടെ ജീവിതത്തെയും, കൂടെയുള്ളവരുടെ ജീവിതത്തെയും സംഘര്‍ഷ പൂരിതമാക്കുകയും ചെയ്യുന്നു.
പ്രവാസവും അതുപോലെ തന്നെ.
ഏന്നെങ്കിലുമൊരിക്കൽ താളത്തിനനുസരിച്ച് ഒഴുകാം എന്ന പ്രതീക്ഷയിൽ തൽക്കാലം എതിർവശത്തേയ്ക്ക് ഒഴുകി തളരുകയാണ് നാം. ഇതിനിടയിൽ വരുന്ന ആഘോഷങ്ങൾ വയറു നിറയ്ക്കുമായിരിക്കും. മനം നിറയ്ക്കുന്നുണ്ടോ? അറിയില്ല. എങ്കിലും വെറുതെ ഒരു ശ്രമം. പൂവിറുത്തും പൂക്കളമൊരുക്കിയും മനം നിറയുന്ന ഒരു ഓണം എല്ലാവർക്കും ഉണ്ടാവട്ടെ.
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍…