കോഴിക്കോട് താമരശേരി സ്വദേശിനി ഷിബിലയെ ലഹരിക്കടിമയായ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നൗഷാദിനെ സസ്‌പെൻഡ് ചെയ്‌തു. യാസിറിൽ നിന്ന് ഭീഷണിയുണ്ടെന്നു കാണിച്ച് ഷിബില നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഗ്രേഡ് എസ്ഐയ്‌ക്കെതിരെ നടപടിയെടുത്തത്.
താമരശേരി സ്റ്റേഷനിൽ റൂറൽ എസ്‌പി നേരിട്ടെത്തിയാണ് നടപടി സ്വീകരിച്ചത്. അന്വേഷണ വിധേയമായാണ് നൗഷാദിനെ സസ്പെൻഡ് ചെയ്‌തത്. യാസിറിനെതിരെ ഷിബില നൽകിയ പരാതി സ്റ്റേഷനിലെ പിആർഒയുടെ ചുമതലയുണ്ടായിരുന്ന ഗ്രേ ഡ് എസ്ഐ നൗഷാദ് ആണ് കൈകാര്യം ചെയ്‌തിരുന്നത്. യാസിർ ഷിബിലയെ ആക്രമിച്ചതിന് പിന്നാലെ നേരത്തെ പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു.